ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രധാനമന്ത്രിയെ നാം 28 പൈസ പിഎം എന്നാണ് വിളിക്കേണ്ടത് എന്ന് ഉദയനിധി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേനിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയ്ക്ക് എതിരായ അധിക്ഷേപ പരാമർശങ്ങൾ.
സംസ്ഥാനം അടച്ച നികുതിയ്ക്ക് രൂപ ഒന്നിന് 28 പൈസ എന്ന രീതിയ്ക്കാണ് കേന്ദ്രം തിരികെ നൽകിയ വിഹിതം. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ തുക ലഭിച്ചു. അതുകൊണ്ട് ഇന്ന് മുതൽ പ്രധാനമന്ത്രിയെ 28 പൈസ പിഎം എന്ന് നമുക്ക് വിളിക്കാം. തമിഴ്‌നാടിന് ഫണ്ട് നൽകുന്നതിൽ കടുത്ത വിവേചനം ആണ് കേന്ദ്രം കാണിക്കുന്നത് എന്നും സ്റ്റാലിൻ ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ പദ്ധതി കൊണ്ടുവന്ന് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പണമില്ലാത്തതിനാൽ സംസ്ഥാനത്തിന്റെ വികസനം മൊത്തം മുരടിച്ച് കിടക്കുന്നു. കേന്ദ്രം കൊട്ടിഘോഷിച്ച് നടന്ന എയിംസിന്റെ നിർമ്മാണം എങ്ങുമെത്തിയില്ല. ഇപ്പോഴും തറ മാത്രമാണ് പൂർത്തിയാതത്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ എത്തുന്നതെന്നും ഉദയനിധി പറഞ്ഞു.









