മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ക്രോകസ് സിറ്റി ഹാളിലേയ്ക്ക് ആയുധങ്ങളുമായി കടക്കുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും വീഡിയോ ആണ് ഭീകര സംഘടന പുറത്തുവിട്ടത്. ആക്രമണം നടത്തിയ ഭീകരർ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇവ.
ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എസ്ഐടിഇ ഇന്റലിജൻസ് ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത് എന്നും ഇന്റലിജൻസ് അറിയിച്ചു. ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച് മോക്സോയിൽ ഭീകരാക്രമണം ഉണ്ടായത്. ക്രോകസ് സിറ്റി ഹാളിൽ സംഗീത നിശ നടക്കുകയായിരുന്നു. ഇതിനിടയിലേക്ക് പാഞ്ഞെത്തിയ ഭീകരർ തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും സ്ഫോടക വസ്തുക്കൾ എറിയുകയുമായിരുന്നു.
ആക്രമണത്തിൽ 150 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് ഭീകരർ ഉൾപ്പെടെ 11 പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്നാണ് റഷ്യൻ പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post