ന്യൂഡൽഹി: നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേരിൽ ആം ആദ്മി സർക്കാർ ഇന്ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആഞ്ഞടിച്ച് ബി ജെ പി. നിലവിൽ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്രിവാളിന് ഭക്ഷണം കഴിക്കുന്നതിനും മരുന്നിനും പോലും കോടതി അനുമതി വേണമെന്നിരിക്കെ നിയമവിരുദ്ധമായി എങ്ങനെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് ചോദിച്ചിരിക്കുകയാണ് ബി ജെ പി.
ജലവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഇഡി കസ്റ്റഡിയിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ആദ്യ ഉത്തരവ് ഞായറാഴ്ച ഡൽഹി മന്ത്രി അതിഷിയാണ് വായിച്ചത്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്ന് ഉത്തരവിറങ്ങിയത് ആശങ്കാജനകമാണെന്ന് ബിജെപി പറഞ്ഞു. കത്ത് വ്യാജമാണെന്നും വിഷയം അന്വേഷിക്കണമെന്നും ബിജെപിയുടെ മഞ്ജീന്ദർ സിംഗ് സിർസ ഗവർണറോട് ആവശ്യപ്പെട്ടു.
ഈ കത്ത് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കണം. ആരാണ് ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചത്? മുഖ്യമന്ത്രി ഇഡിയുടെ കസ്റ്റഡിയിലാണ്, പുറത്തുനിന്നുള്ള ഭക്ഷണവും മരുന്നും കഴിക്കാൻ പോലും കോടതിയുടെ അനുമതി വാങ്ങണം. ഈ സാഹചര്യത്തിൽ ആരാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത് ?, അദ്ദേഹത്തിന് ഈ അധികാരം പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമേ നൽകാനാകൂ. പിന്നെ എങ്ങനെയാണ് മന്ത്രി ആതിഷിയിലേക്ക് ഉത്തരവ് എത്തിയത്?” ബിജെപി നേതാവ് തുറന്നടിച്ചു.
കെജ്‌രിവാളിൻ്റെ ഉത്തരവ് ഇഡിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും , നിർദ്ദേശങ്ങൾ പിഎംഎൽഎ കോടതിയുടെ ഉത്തരവിന് അനുസൃതമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടത്തുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post