തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറും എന്ന പ്രഖ്യാപനം മാത്രമാണ് സർക്കാർ നടത്തിയത് എന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. സംസ്ഥാന പോലീസ് ഇതുവരെ സിബിഐക്ക് കേസ് ഫയൽ കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ സിബിഐക്ക് സംസ്ഥാന പോലീസ് കൈമാറിയിട്ടില്ലെന്ന് കാണിച്ച് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് രാജീവ് ചന്ദ്രശേഖറിനെ കണ്ട് പരാതി ഉന്നയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായ വിമർശനമുന്നയിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ഫയൽ റഫർ ചെയ്യേണ്ടതായിരുന്നു. മാത്രവുമല്ല സിബിഐ അന്വേഷണം ആരംഭിക്കുന്നതിനു മുൻപ് തന്നെ എന്തുകൊണ്ടാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി പിൻവലിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദ്യമുന്നയിച്ചു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെടും എന്ന് സംശയം തോന്നുന്നതിനാലാണ് രാജീവ് ചന്ദ്രശേഖറിനോട് സഹായം തേടിയത് എന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായപ്പോൾ കേരള സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വാമൂടികെട്ടാൻ ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നതായും ജയപ്രകാശ് സംശയമുന്നയിച്ചു.
Discussion about this post