പത്തനംതിട്ട: ഇടത് സ്ഥാനാർത്ഥി തോമസ് ഐസകിന്റെ പ്രചാരണത്തെ ചൊല്ലി സിപിഎം നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പുലിവാല് പിടിച്ച് നേതൃത്വം. തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ എ. പത്മകുമാർ പാർട്ടിയ്ക്ക് കത്ത് നൽകിയതോടെയാണ് നേതൃത്വം വെട്ടിലായത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി ഹർഷകുമാറുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പത്മകുമാർ ഏറ്റുമുട്ടിയത്.
കത്ത് ലഭിച്ചതിന് പിന്നാലെ കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമാകും ഇത്. മന്ത്രി വി എൻ വാസവൻ പ്രശ്നപരിഹാരത്തിനായി നേതാക്കളെ കാണും.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നിരുന്നു. ഇതിൽ തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണത്തിൽ പോരായ്മകൾ ഉണ്ടെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇരു നേതാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. അതേസമയം വാർത്തകൾ നിഷേധിച്ച് ഹർഷകുമാർ രംഗത്ത് എത്തിയിട്ടുണ്ട്. യോഗത്തിൽ യാതൊരു വിധ പ്രശ്നവും ഉണ്ടായില്ലെന്നാണ് ഹർഷകുമാർ പറയുന്നത്.
Discussion about this post