മുംബൈ: ഹുക്ക ബാറിൽ നടന്ന റെയ്ഡിൽ ബിഗ്‌ബോസ് വിജയി പോലീസ് കസ്റ്റഡിയിൽ. ഹിന്ദി ബിഗ്‌ബോസ് പതിനേഴാം സീസണിലെ വിജയി ആയിരുന്ന മുനവ്വർ ഫറൂഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുനവ്വർ ഫറൂഖിനെ കൂടാതെ മറ്റ് പതിനാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിഴയൊടുക്കിയതിന് ശേഷം മുഴുവൻ പേരെയും പോലീസ് വിട്ടയച്ചു.
ഫോർട്ട് ഏരിയാ ഭാഗത്തെ ഹുക്ക ബാറിലായിരുന്നു പരിശോധന. അനധികൃതമായി ഹുക്ക ബാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. ഹെർബൽ ഹുക്കയുടെ മറവിൽ ഇവിടെ പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്തരയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ഇതിനിടെയാണ് മുനവ്വറിനെ പോലീസ് കസറ്റഡിയിലെടുത്തത്.
സ്റ്റാൻഡ് അപ്പ് കൊമേഡിയനും റാപ്പറുമാണ് മുനവ്വർ ഫറൂഖ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഇതിന് മുൻപും മുനവ്വ് അറസ്റ്റിലായിട്ടുണ്ട്. ഇതിന് ശേഷം സ്റ്റാൻഡ് അപ്പ് കോമഡി രംഗം വിട്ട മുനവ്വ് പിന്നീട് ലോക്കപ്പ് എന്ന ടിവി പരിപാടിയിൽ ജേതാവായി. ഇതിന് ശേഷമാണ് ബിഗ്‌ബോസിൽ അവസരം ലഭിക്കുന്നതും ഇതിൽ വിജയി ആവുന്നതും.
Discussion about this post