തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം വിജിലന്‍സിനെതിരായ കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ചാണ്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന സാധനമായി വിജിലന്‍സ് മാറിയെന്നും കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അഴിമതി കേസുകള്‍ ഒന്നും തന്നെ തെളിയില്ല. മുഖ്യമന്ത്രിക്ക് ഇടപെടാന്‍ കഴിയാത്ത വിധം വിജിലന്‍സിനെ പുന:സംഘടിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് എസ്.പി സുകേശന് സമര്‍പ്പിച്ചത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പറഞ്ഞതിനെക്കാള്‍ മോശമായ സ്ഥിതിയാണ് ഇപ്പോള്‍ വിജിലന്‍സെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന് പറഞ്ഞു. അതേസമയം വിജിലന്‍സ് പരാമര്‍ശത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Discussion about this post