ന്യൂഡൽഹി : അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന വിജയകരമായി കീഴടക്കി. ആയുധധാരികളായ ഒമ്പത് കടൽക്കൊള്ളക്കാരാണ് കപ്പൽ റാഞ്ചിയത്. മത്സ്യബന്ധനത്തിനായി അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന ഇറാനിയൻ കപ്പൽ അൽ കമ്പാർ 786 ആണ് കടൽക്കൊള്ളക്കാർ റാഞ്ചിയിരുന്നത്.
സമുദ്ര സുരക്ഷയ്ക്ക് ആയി അറബിക്കടലിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കപ്പൽ റാഞ്ചിയ വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. കടൽക്കൊള്ളക്കാരിൽ നിന്നും ഇറാനിയൻ കപ്പലിനെ വിജയകരമായി മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു.
യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറി ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്ന രണ്ട് നാവിക യുദ്ധക്കപ്പലുകൾ വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ നാവികസേന മത്സ്യബന്ധന കപ്പലിന് സമീപത്തേക്ക് അയയ്ക്കുകയായിരുന്നു. കപ്പൽ റാഞ്ചലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നാവികസേന ഉടൻ തന്നെ പങ്കുവെക്കും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post