തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആടുജീവിതം സിനിമയുടെ പോസ്റ്ററിന് സമാനമായി അടിമ ജീവിതം എന്ന തലക്കെട്ട് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇടയിൽ നിൽക്കുന്ന പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പിണറായി വിജയനെ പരിഹസിച്ചത്.
കാസർകോട് റിയാസ് മൗലവി കൊല്ലപ്പെട്ട കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. സംഘി വിജയാ എന്നാണ് ഈ പോസ്റ്റിൽ രാഹുൽ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മതേതര കേരളം ഒരുനാൾ കണക്ക് വീട്ടുക തന്നെ ചെയ്യും എന്നും രാഹുൽ ഭീഷണി മുഴക്കുന്നുണ്ട്.
2017ൽ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്താണ് കാസർകോട് റിയാസ് മൗലവി കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു അന്ന് പോലീസ് റിപ്പോർട്ട് കൊടുത്തിരുന്നത്. തുടർന്ന് ആർഎസ്എസ് പ്രവർത്തകരായ ചിലരെ ഈ കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പ്രതികളെ ഇന്ന് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുമായി പ്രതികരിച്ചിരിക്കുന്നത്.
Discussion about this post