കൊല്ലം : കൊല്ലത്ത് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി എന്നും കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. മൺട്രോത്തുരുത്ത് പെരുങ്ങാലം വീട്ടിൽ അജി എന്ന എഡ്വേർഡ് ആണ് കേസിലെ പ്രതി.
2021 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുണ്ടറ കേരളപുരം ഇടവട്ടത്തുള്ള വീട്ടിൽ വച്ച് എഡ്വേർഡ് ഭാര്യ വർഷയേയും മക്കളായ രണ്ടു വയസ്സുള്ള അലൻ മൂന്നുമാസം പ്രായമുള്ള ആരവ് എന്നിവരെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ അഞ്ചു വയസ്സ് ഉള്ള മൂത്തമകളെ മാത്രമാണ് ഇയാൾ വെറുതെ വിട്ടത്. സംഭവത്തിന് സാക്ഷിയായ ഈ പെൺകുട്ടിയുടെ മൊഴി ആയിരുന്നു കേസിൽ നിർണായകം ആയിരുന്നത്.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എഡ്വേർഡ് കൊലപാതകങ്ങൾ നടത്തിയത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ അനസ്തേഷ്യയ്ക്ക് മുൻപ് മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന മരുന്നാണ് ഭാര്യക്കും കുഞ്ഞുങ്ങൾക്കും കുത്തിവെച്ചത്. സ്റ്റോറിൽ നിന്നും ഉടമ അറിയാതെ മോഷ്ടിച്ചതായിരുന്നു ഈ മരുന്ന്. ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതിയും മരുന്ന് കുത്തി വച്ചതായി അഭിനയിച്ച് നിലത്ത് കിടക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ മരുന്നിന്റെ അംശം ഇല്ല എന്ന് കണ്ടെത്തിയതോടെ ആണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
Discussion about this post