ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ബാക്കിയുള്ള ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എട്ടാംഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിൽ സിറ്റിംഗ് എംപിയായിരുന്ന ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ ഇത്തവണ മത്സരിപ്പിക്കുന്നില്ല എന്നുള്ളതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ കാര്യം.
പഞ്ചാബിലെ 6 സീറ്റുകളിലേക്കും ഒഡീഷയിലെ മൂന്ന് സീറ്റുകളിലേക്കും പശ്ചിമബംഗാളിലെ രണ്ട് സീറ്റുകളിലേക്കും ആണ് ബിജെപി എട്ടാംഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബിലെ ഗുരുദാസ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എംപി ആയ സണ്ണി ഡിയോണിന് പകരം ദിനേശ് സിംഗ് ആണ് ഇത്തവണ മത്സരിക്കുന്നത്.
ബിജെപിയുടെ എട്ടാം സ്ഥാനാർത്ഥി പട്ടിക കൂടി പൂർത്തിയാകുമ്പോൾ ഇതുവരെയായി 414 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം ആണിത്. ബിജെപി ആദ്യഘട്ട പട്ടികയിൽ തന്നെ 195 പേരുകൾ പ്രഖ്യാപിച്ചിരുന്നു. 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും ജൂൺ ഒന്നിനും ഇടയിലായി 7 ഘട്ടങ്ങളിൽ ആയാണ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.
Discussion about this post