ന്യൂഡൽഹി: 2024-25 വർഷത്തേക്ക് 5 ലക്ഷം ടൺ അടിയന്തര കരുതൽ ശേഖരം ഉണ്ടാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ വിപണി വിലയിൽ കർഷകരിൽ നിന്ന് ഉള്ളി സംഭരിക്കാൻ തുടങ്ങും. ഉള്ളി വില അനിയന്ത്രിതമായി വ്യത്യാസപ്പെടുന്നത് നിയന്ത്രിക്കുവാൻ ഈ ബഫർ സ്റ്റോക്ക് ഉപയോഗിക്കും എന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വാർഷിക വേനൽക്കാല സീസണിൽ വിതരണത്തിൽ കുറവുണ്ടാകുമ്പോൾ ഉള്ളിയുടെ വില വളരെ അസ്ഥിരമായിരിക്കും. മിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമായതിനാലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാലും, മറ്റ് പല കാർഷിക ഉൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ളി വിലയിലെ വർദ്ധനവ് സാധാരണ ഇന്ത്യൻ കുടുംബത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഉള്ളി സംഭരിച്ചു വയ്ക്കുവാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തിരിക്കുന്നത്.
ലഭ്യത കുറവിനെത്തുടർന്ന് ഡിസംബറിൽ ഉള്ളിയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.
സംഭരണത്തിനായി നാഫെഡും (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ) എൻസിസിഎഫും (ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ) ഉള്ളി കർഷകരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യിപ്പിക്കും . ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം പേയ്‌മെൻ്റുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നുവെന്ന് ഉറപ്പാക്കുവാൻ വേണ്ടിയാണിത്.
Discussion about this post