തിരുവനന്തപുരം : കേരളത്തിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11:30 വരെ കേരളത്തിലെ സമുദ്ര തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബീച്ചിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ സൂചിക്കുന്നു.
1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. കടലാക്രമണം ഉണ്ടാകുന്ന മേഖലകളിൽ നിന്നും മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലും തൃശൂരും തിരുവനന്തപുരത്തും കടൽക്ഷോഭം ഉണ്ടായിരുന്നു.
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞതിനുശേഷം ആയിരുന്നു കടലാക്രമണം ഉണ്ടായത്. തൃശ്ശൂർ ആറാട്ടുപുഴയിൽ ഉണ്ടായ കടലാക്രമണത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഇവിടെ ഉച്ചയ്ക്കുശേഷം ആരംഭിച്ച കടൽക്ഷോഭം ഇപ്പോഴും തുടരുകയാണ്. നൂറോളം വീടുകളുടെ ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണുള്ളത്. തിരുവനന്തപുരത്ത് കരുംകുളത്ത് ഉണ്ടായ കടൽക്ഷോഭത്തിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി.
Discussion about this post