രാഷ്ട്രീയ അവലോകനത്തിന്റെയും, വിമര്‍ശനത്തിന്റെയും പുതുവേദിയാണ് വാട്സ് അപ്പ് പോലുള്ള നവമാധ്യമങ്ങള്‍. ഓരോ രാഷ്ട്രീയ ചലനങ്ങള്‍ക്കും നൈരന്തര്യമുണ്ടാകുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയാണ്. നരേന്ദ്രമോദിയെ കുറിച്ച് എഴുതിയ രാഷ്ട്രീയ വിമര്‍ശന ഹാസ്യ കത്തുകളും, അതിനുള്ള മറുപടികളും ഉള്‍പ്പടെ നിരവധി കത്തെഴുത്തുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വാട്സ് അപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ഇഎംഎസിന് സിപിഎം പ്രവര്ത്തകന് എഴുതുന്ന കത്ത്-
സിപിഎം നേരിടുന്ന ആശയപരമായ വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും തുറന്ന് കാട്ടുന്ന കത്ത് ഇതിനകം വൈറലായിക്കഴിഞ്ഞു
കത്തിന്റെ പൂര്‍ണ രൂപം-
പ്രിയപ്പെട്ട ഇഎംഎസ്,
അഭിവാദ്യങ്ങള്‍. പാര്‍ട്ടി സെല്ലുകളില്‍ നടന്ന വളരെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു കത്ത് എഴുതാം എന്ന് തീരുമാനിച്ചത്. കത്ത് സ്വര്‍ഗത്തിലേക്ക് അയക്കണോ അതോ നരകത്തിലേക്ക് വേണോ എന്ന കാര്യത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലായിരുന്നു. ദൈവം ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഇപ്പോളില്ല. ആകെയുണ്ടായിരുന്ന പ്രശ്നം ദൈവം ബ്രൂര്ഷ്വാസിയാണ് എന്നുള്ള ചില പാര്‍ട്ടി ഫ്രാക്ഷനുകളുടെ വാദമായിരുന്നു. അത് ശരിയാണ് എങ്കില്‍ സഖാവ് ഇപ്പോള്‍ നരകത്തിലായിരിക്കുമല്ലോ അതുകൊണ്ട് തന്നെ ഈ കത്തിന്റെ ഒരു കോപ്പി നരകത്തിലേക്കും അയക്കുന്നുണ്ട്. കൊളോണിയല്‍ ചിന്താസരണി നിറഞ്ഞു നില്ക്കുന്ന മറ്റു രാജ്യങ്ങളിലെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഇപ്പോളും വര്ഗ്ഗാധിപത്യത്തില് ഈശ്വരന്റെ ആവശ്യകത അംഗീകരിച്ചിട്ടില്ലാത്തത് കാരണം ആദ്യമായി ഇങ്ങനെ ഒരു കത്ത് ലഭിക്കുന്നത് സഖാവിനാകണം. സഖാവ് സ്റ്റാലിനും സഖാവ് മാവോയും കൂടെതന്നെയുണ്ടാകുമല്ലോ അവരോടും ഞങ്ങളുടെ അഭിവാദ്യങ്ങള്‍ അറിയിക്കണം.
പുതിയ അടവ്നയത്തിന്റെ ഭാഗമായി ചൂഷക വ്യവസ്ഥക്കെതിരെയുള്ള നവലിബറല്‍ ആശയങ്ങളുടെ കൂട്ടത്തില്‍ ദൈവവിശ്വാസത്തെ നമ്മള് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിക്ക് അത് വലിയ ആശ്വാസമായി. ഇനി പാര്‍ട്ടി അച്ചടക്കം പാലിച്ചു കൊണ്ട് തന്നെ പൂമൂടല്‍ നടത്താന്‍ സാധിക്കുമല്ലോ. സഖാവിന്റെ കാലത്ത് നമ്മള് ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും പോലുള്ള പാര്‍ട്ടി വിരുദ്ധരെ ഒക്കെ തന്നെ രക്തസാക്ഷികളാക്കിയിരുന്നല്ലോ. അതുകൊണ്ട് വലിയ മെച്ചം ഒന്നും ഉണ്ടായില്ല. യേശു ക്രിസ്തുവിനെ രക്തസാക്ഷിയാക്കാനുള്ള നീക്കവും ചില പെറ്റിബൂര്‍ഷ്വാ ഗ്രൂപ്പുകളുടെയും മാദ്ധ്യമ സിന്‍ഡിക്കേറ്റിന്റെയും നീക്കങ്ങള്‍ കാരണം ഫലവത്തായില്ല.
സഖാവ് കൃഷ്ണന്റെ ഉള്ളില്‍ ഒളിച്ചിരുന്ന സോഷ്യലിസ്റ്റിനെ നമ്മുടെ ചില സഖാക്കള്‍ കണ്ടെടുത്തതോടെ അടിമുടി മാറ്റം വന്നുതുടങ്ങി. പോരാത്തതിനു ശ്രീനാരായണ ഗുരുവും നമ്മുടെ കൂടുണ്ട്.അയ്യപ്പന് കഞ്ഞി, ശ്രീകൃഷ്ണ ജയന്തി ഇതുരണ്ടും നമ്മള് ഇപ്രാവശ്യം നടത്തി. നല്ല പ്രതികരണമായിരുന്നു. ‘ഉണ്ണിക്കണ്ണന് സിന്ദാബാദ്’ എന്ന പുതിയ മുദ്രാവാക്യം പോളിറ്റ് ബ്യൂറോയില്‍ വരെ ചര്‍ച്ചയായിരുന്നു. പാര്‍ടി ശ്രീകൃഷ്ണജയന്തി കണ്ടതോടെ സംഘപരിവാറിന്റെ പാര്‍ലമെണ്ടറി വ്യാമോഹം ഏതാണ്ട് അവസാനിച്ച മട്ടാണ്.
ഹൈലൈറ്റ് ഇതൊന്നും ആയിരുന്നില്ല. നാം സംഘടിപ്പിച്ച കമ്യൂണിസ്റ്റ് യോഗ ആര്‍എസ്എസ് വൈതാളികരേ കുലുക്കിക്കളഞ്ഞു. പറ്റിയാല്‍ സഖാവും യോഗ ചെയ്യണം. നമ്മുടെ സെക്രട്ടറി യച്ചൂരി യോഗ പട്ടിയുടെ ചലനമാണ് എന്നൊക്കെ പറഞ്ഞത് താത്കാലികമായി നമ്മളെ പിന്നോക്കം കൊണ്ടുപോയി. എന്നാലും സഖാവ് മനോജ് ഇപ്പോള്‍ ആര്‍എസ്എസ് നുള്ളില്‍ വലിയ ചാരശൃംഗലയുണ്ടാക്കിയിട്ടുണ്ട്. അവര്‍ തെയ്യത്തിനു പെയിന്റ് അടിക്കാനും മറ്റും എടുത്ത വിവരങ്ങള്‍ പാര്‍ട്ടി ചാരന്മാര് ചോര്‍ത്തിയിരുന്നു. പോരാത്തതിന് ആര്‍എസ്എസ് ന്റെ മുന്‍ ബുദ്ധികേന്ദ്രം അഖിലെന്ത്യ പ്രചാരക് മിന്നി ഈ അടുത്ത ഇടക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
നമ്മുടെ അടവുനയങ്ങള്‍ ഫലം കാണുന്നുണ്ട് എങ്കിലും താത്വീകമായി ഇതിനെ വിശദീകരിക്കാന്‍ പറ്റുന്ന ആരും ഇന്ന് പാര്‍ട്ടിയില്‍ ഇല്ല. വിവേകാനന്ദ സ്മാരകത്തിന് സഖാവ് പത്ത് പൈസ കൊടുത്തില്ല എന്നതും ശീനാരായണ ഗുരുവിനെ ബൂര്‍ഷ്വാ എന്ന് വിളിച്ചതും പാര്‍ട്ടി വിരുദ്ധര്‍ നവമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ കണ്ണൂര്‍ മോഡല്‍ സാമൂഹിക ഉന്മൂലനം നടക്കാത്തത് കാരണം തത്കാലം അവരെയൊക്കെ ബ്ലോക്കുകയാണ് നമ്മുടെ നവമാദ്ധ്യമതാത്വീകര്. നമുക്ക് കൊണ്ഗ്രസ്സുമായി കൂട്ടുകൂടാം എന്നാണു പ്ലീന തീരുമാനം, രഹസ്യമായി ചെയ്തത് കാരണം മുന്‍കാലങ്ങളില്‍ താത്വീക വിശദീകരണങ്ങള്‍ നടത്തേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടി വിരുദ്ധനായിരുന്ന ഒരാള്‍ കുറെ നാള് മുന്നേ അന്‍പത്തിഒന്ന് വെട്ടു വെട്ടി ആത്മഹത്യ ചെയ്തതും നമുക്കെതിരെ ഉപയോഗിക്കുന്നുണ്ട്.
കത്ത് കിട്ടിയാലുടന്‍ തന്നെ സഖാവ് ശ്രീനാരായണ ഗുരുവിനെ ‘ബൂര്‍ഷ്വാ’ എന്ന് വിളിച്ചത് ഒരു അമേരിക്കന്‍ നുണക്കഥയാണ് എന്ന് ഒരു പ്രസ്താവന തരണം. പണ്ടത്തെ പോലെ ദേശാഭിമാനിയില്‍ വാര്‍ത്ത കൊടുത്താല്‍ സഖാക്കള്‍ പോലും ഇപ്പോള്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ട് സഖാവിന്റെ പ്രസ്താവന തന്നെ വേണം. കോണ്‍ഗ്രസ് ബന്ധത്തിനും യോഗക്കും കൂടി ഓരോ താത്വീകങ്ങള് വേണം. പറ്റിയാല്‍ പാര്‍ട്ടി ചാനലിന് ദൈവവുമായി ഒരു അഭിമുഖം തരപ്പെടുത്തി തരണം. തത്കാലം കത്ത് ചുരുക്കട്ടെ. ?
വിപ്ലവം ജയിക്കട്ടെ, ലാല്‍ സലാം ?
Discussion about this post