തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയവർക്ക് നേരെ തിളച്ച കഞ്ഞി ഒഴിച്ചതായി പരാതി. എൽഡിഎഫിന് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയവർക്ക് നേരെയായിരുന്നു ഗൃഹനാഥൻ തിളച്ച കഞ്ഞി എടുത്ത് ഒഴിച്ചത്. സംഭവത്തിൽ എൽഡിഎഫ് വാർഡ് മെമ്പർക്ക് പൊള്ളലേറ്റു.
മുദാക്കൽ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് മെമ്പർ ആയ ഊരുപൊയ്ക ശബരി നിവാസിൽ ബിജുവിനാണ് പൊള്ളലേറ്റിട്ടുള്ളത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഈസ്റ്റർ ആശംസ കാർഡ് വിതരണം ചെയ്യാൻ എത്തിയതായിരുന്നു മെമ്പർ. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടിൽ സജിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് അപേക്ഷിച്ചപ്പോൾ തന്നെ ഇയാൾ അസഭ്യം പറയുകയും തുടർന്ന് അടുക്കളയിൽ നിന്നും തിളച്ച കഞ്ഞിയെടുത്തു കൊണ്ടുവന്ന് ദേഹത്തേക്ക് കഞ്ഞിക്കലം വലിച്ചെറിയുകയും ആയിരുന്നു എന്നാണ് വാർഡ് മെമ്പറുടെ പരാതി.
Discussion about this post