ആലപ്പുഴ: ട്രഷറി സെർവർ പണിമുടക്കിയതോടെ പദ്ധതിപ്പണം ചെലവഴിക്കൽ സാമ്പത്തികവർഷത്തിന്റെ അവസാനനിമിഷത്തേക്ക് മാറ്റിവച്ച തദ്ദേശസ്ഥാപനങ്ങൾക്കെല്ലാം എട്ടിന്റെ പണി കിട്ടി. ഇതോടെ, മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ 1,785.62 കോടി രൂപയുടെ 79,764 ബില്ലുകളാണ് കെട്ടിക്കിടക്കുന്നത്.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ ഇന്നലെ 7.30 വരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് 64.90 ശതമാനമാണ് തുക ചിലവഴിക്കൽ. കെട്ടിക്കിടക്കുന്ന ബില്ലുകൾ കൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തിൽ വച്ച് ഏറ്റവും കുറവ് പദ്ധതി പണം ചിലവഴിക്കലായിരുന്നു ഈ വർഷത്തേത്.
ഗ്രാമപഞ്ചായത്തുകളുടെ ബില്ലുകളാണ് ഇവയിൽ ഏറ്റവും കൂടുതൽ മാറാനുള്ള ബില്ലുകൾ. 1,001.52 കോടി രൂപയുടെ 56,327 ബില്ലുകളാണ് ഗ്രാമപഞ്ചായത്തുകളുടേതായി കെട്ടിക്കിടക്കുന്നത്. 69.88 ശതമാനം മാത്രമാണ് ഗ്രാമപഞ്ചായത്തുകളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതിനിർവഹണം.
അഞ്ചുലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി സ്വീകരിച്ചത്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. എന്നാൽ, ഇതിനായി ധനവകുപ്പിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
Discussion about this post