ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍ ( അഞ്ജലി-24) യുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു.
ബന്ധുക്കൾ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ആണ് ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിൽ മൃതദേഹം കണ്ടെത്തിയത്. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകളാണ് എയ്ഞ്ചല്‍. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തി. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേയ്ക്ക് പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത് പോലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു.
ഇതേ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post