ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 90 വർഷത്തിലേക്ക് കടക്കുന്നതിന്റെ സ്മരണാർത്ഥം 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ 90 രൂപ നാണയം പുറത്തിറക്കിയത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പൂർണ്ണമായും വെള്ളിയിൽ നിർമ്മിച്ചിട്ടുള്ളതാണ് 90 രൂപ നാണയം. 40 ഗ്രാം ഭാരമാണ് നാണയത്തിനുള്ളത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ജനാധിപത്യ തത്വങ്ങളും ഉൾക്കൊള്ളുന്ന രൂപകല്പനയാണ് നാണയത്തിന് നൽകിയിട്ടുള്ളത്. നടുവിലായി ആർബിഐയുടെ ലോഗോയും താഴെയായി ആർബിഐ@90 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് അശോകസ്തംഭത്തിന്റെ ചിത്രവും ദേവനാഗരി ലിപിയിൽ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് ഇന്ത്യയുടെ ദേശീയ ബാങ്ക് ആയി റിസർവ് ബാങ്ക് നിലവിൽ വരുന്നത്. റിസർവ് ബാങ്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത് 1935 ഏപ്രിൽ ഒന്ന് മുതലാണ്. രാജ്യത്തെ നോട്ടുകളുടെയും നാണയങ്ങളുടെയും അച്ചടിയും വിതരണവും, രാജ്യ പുരോഗതിക്കായുള്ള കറൻസി, ക്രെഡിറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തലും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തിലുമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ചുമതലകൾ.
Discussion about this post