ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. റൗസ് അവന്യു കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റിയത്. വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിനെ തിഹാർ ജയിലില്‍ എത്തിച്ചത്. തിഹാർ ജയലിന് മുന്നില്‍ ദേശീയ പാത ഉപരോധിച്ച് എഎപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം, ജയിലില്‍ എത്തിയതോടെ നിരവധി ആവശ്യങ്ങളാണ് കെജ്രിവാൾ ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രത്യേക ഡയറ്റിനുള്ള സൗകര്യം ഒരുക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാള്‍ കഴിയുക.
സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇഡി വാദിച്ചത്. കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയില്‍ അറിയിച്ചു. കെജ്രിവാളിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാനും അദ്ദേഹം തയാറാകുന്നില്ലെന്നും ഇഡി പറഞ്ഞു.
ഫോൺ പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇഡി ആപ്പിൾ കമ്പനിയെ സമീപിച്ചിരുന്നു. ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. ഇഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്‍വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇഡി പറയുന്നത്.
Discussion about this post