ന്യൂഡൽഹി: വിമാനം റദ്ദാക്കലും കാലതാമസവും സംബന്ധിച്ച് എയർലൈൻ വിസ്താരയോട് വിശദീകരണം തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫ്‌ലൈറ്റുകളുടെ പതിവ് കാലതാമസവും റദ്ദാക്കലും സംബന്ധിച്ച പ്രതിസന്ധി എയർലൈൻ സ്ഥിരീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻെര നടപടി. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സഹ ഉടമസ്ഥതയിലാണ് വിസ്താര എയർലൈനിന്റെ പ്രവർത്തനം.
കഴിഞ്ഞ ഒരാഴ്ചയായി വിസതാരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം വിസ്താരയുടെ 50 ലധികം വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 160 ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എയർലൈൻ അധികൃതർ അറിയിക്കുന്നത്.
വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതായും ഇവർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാർ പരമാവധി പ്രയത്നിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളിലും ഇത് തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു. വൈകാതെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post