ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി അധികാരം കയ്യടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. കേവലം പുതിയ പേരുകൾ പുറത്തുവിട്ടു എന്നതുകൊണ്ട് മാത്രം യാഥാർത്ഥ്യം ഇല്ലാതാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അരുണാചലിലെ 30 സ്ഥലങ്ങൾക്കായി ചൈന പുതിയ പേരുകൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദേകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
അരുണാചലിൽ ചൈന നടത്തുന്നത് വിവേകമില്ലാത്ത നീക്കങ്ങളാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുതിയ പേരുകൾ പുറത്തുവിട്ടതുകൊണ്ട് മാത്രം അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ടു കിടക്കുന്ന യാഥാർത്ഥ്യം ഇല്ലാതാകില്ല. അരുണാചൽ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രധാനഭാഗമായി തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അരുണാചലിൽ കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും നാളുകളായി അരുണാചലിൽ ആധിപത്യം തുടരാനുള്ള നീക്കങ്ങൾ ചൈന തുടരുകയാണ്. ഇതിൽ അവസാനത്തെ ശ്രമമാണ് പേര് മാറ്റം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അരുണാചലിൽ എത്തിയിരുന്നു. ഇതിനെ ശക്തമായി അപലപിച്ചുകൊണ്ട് ചൈന രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിൽ ഇന്ത്യ ചൈനയ്ക്ക് താക്കീത് നൽകിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് പുതിയ പേരുകൾ നിർദ്ദേശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുമായി മനപ്പൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ചൈന തുടരുന്നത്.
Discussion about this post