കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പരാതി. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീമിന് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മുഹമ്മദ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. സംഭവത്തിൽ മുഹമ്മദ് റിയാസ് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു.
മുഹമ്മദ് റിയാസ് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്. കോഴിക്കോട് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മുഹമ്മദ് റിയാസ് വിവാദ പ്രസംഗം നടത്തിയത്.
കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയം ആക്കി മാറ്റാൻ നിശ്ചയിച്ചിട്ടുണ്ട് എന്നായിരുന്നു മുഹമ്മദ് റിയാസ് പ്രചാരണ പരിപാടിയിൽ പ്രസ്താവിച്ചിരുന്നത്. ഈ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ആണ് മുഹമ്മദ് റിയാസിനെതിരെ പരാതി നൽകിയിരുന്നത്.
Discussion about this post