ചണ്ഡീഗഡ്: വനിതാ എംപി ഹേമമാലിനിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇതാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിയുടെ ഗുണമെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഹേമമാലിനിയെ മാത്രമല്ല സ്ത്രീ സമൂഹത്തെ മൊത്തമായി കോൺഗ്രസ് നേതാവ് അധിക്ഷേപിച്ചുവെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
ഹേമമാലിനിയ്‌ക്കെതിരെ സുർജേവാല നടത്തിയ ലൈംഗിക പരാമർശം തീർത്തും അപലപനീയമാണ്. ലൈംഗികാധിക്ഷേപം നടത്തി ഹേമമാലിനിയെ മാത്രമല്ല മൊത്തം സ്ത്രീ സമൂഹത്തെ സുർജേവാല അധിക്ഷേപിച്ചു. ഇതാണ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുർജേവാല ഹേമമാലിനിയ്‌ക്കെതികരെ അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. ഹരിയാനയിലെ കൈത്താലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഇവിടെ ഹേമമാലിനി ആകാൻ കഴിയാത്ത ആരുമില്ല, ഒരു സിനിമാ താരവുമില്ല. തങ്ങൾ എല്ലാവരും ഹേമമാലിനിയെ ബഹുമാനിയ്ക്കുന്നു. അതിന് കാരണം ധർമ്മേന്ദ്രയെ വിവാഹം ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ്. കോൺഗ്രസിന്റെ മരുമകളാണ് ഹേമമാലിനി. ഹേമമാലിനെ പോലുള്ളവർക്ക് സിനിമാ താരങ്ങളാകാം. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. നിങ്ങൾ കോൺഗ്രസുകാരെ എംഎൽഎമാരോ എംപിമാരോ ആക്കണം. കോൺഗ്രസിന് മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയൂ എന്നെല്ലാമായിരുന്നു സുർജേവാല പറഞ്ഞത്.
പരാമർശങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ കോൺഗ്രസിന്റെ വനിതാ നേതാക്കളിൽ നിന്നുൾപ്പെടെ വിമർശനം ഉയരുന്നതിനിടെ ആയിരുന്നു അമിത് മാളവ്യ വിമർശനവുമായി രംഗത്ത് എത്തിയത്.
Discussion about this post