ലഖ്‌നൗ : മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ എത്തിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗാജ്രൗളയിലെ തിഗ്രി ഗംഗ നദിയുടെ തീരത്ത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ച ശേഷം കുളിക്കാനായി ഇറങ്ങിയപ്പോഴാണ് മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്തത്. ഒഴുക്കിൽപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെയാണ് യുവാക്കളുടെ മുത്തശ്ശി ചന്ദ്രാവതി മരണപ്പെട്ടിരുന്നത്. തുടർന്ന് ഉച്ചകഴിഞ്ഞ് ഇവരുടെ സംസ്കാരവും അന്ത്യകർമ്മങ്ങളും നടത്തുന്നതിനായി കുടുംബം തിഗ്രി ഗംഗയുടെ തീരത്ത് എത്തുകയായിരുന്നു. ശ്മശാനത്തിലെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം ബന്ധുക്കൾ നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് യുവാക്കൾ ഒഴുക്കിൽ പെട്ടത്.
നോയ്ഡ സ്വദേശിയായ പങ്കജ്, അംറോഹ സ്വദേശികളായ പ്രിൻസ് (21), നിതിൻ (22) എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഇവരിൽ നിതിൻ, പ്രിൻസ് എന്നിവർ മരിച്ചു. ഒഴുക്കിൽപ്പെട്ട പങ്കജിനെ മാത്രമാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചേർന്ന് രക്ഷിക്കാൻ കഴിഞ്ഞത്.
Discussion about this post