ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത വീണ്ടും തിരഞ്ഞെടുക്കും എന്നത് ഒരു രഹസ്യമേ അല്ലാതായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും നരേന്ദ്ര മോദിയുടെ മൂന്നാം തവണയുള്ള വരവ് ഒരു വിധം എല്ലാ അഭിപ്രായ സർവേകളും ഉറപ്പ് പറയുന്നുണ്ട്. എത്ര സീറ്റ് ലഭിക്കും? പ്രതിപക്ഷം സമ്പൂർണ്ണമായും അപ്രത്യക്ഷമായി പോകുമോ എന്ന കാര്യത്തിൽ മാത്രമേ തീരുമാനം അറിയാൻ ഉള്ളൂ.
എന്നാൽ മൂന്നാം തവണ മോദി വരുന്നത് വെറുതെയായിരിക്കുകയില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. ഒരു വലിയ പ്ലാനുമായാണ് മോദി മൂന്നാം തവണ വരാൻ പോകുന്നത് എന്നാണ് റോയിട്ടേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. വെറുതെ പറയുകയല്ല മറിച്ച് കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ വാദം എന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.
വെറും അഞ്ച് വർഷം കൊണ്ട് ഇതുവരെയുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഇരട്ടിയാക്കുക എന്ന വലിയ പ്ലാനാണ് മോദി അണിയറയിൽ ഒരുക്കുന്നത്. എന്നാൽ അതിനുള്ള നടപടികൾ ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോൾ തന്നെ തുടക്കം കുറിച്ചിരിക്കുന്നുണ്ട് എന്നാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.
തങ്ങൾ കണ്ടു എന്ന് റോയിട്ടേഴ്‌സ് അവകാശപ്പെടുന്ന രേഖ പ്രകാരം നിലവിൽ ഏകദേശം 3.51 ട്രില്യൺ ഡോളർ ഉള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 2030 ഓടെ 6.69 ട്രില്യൺ ആയി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ മെയ് മാസത്തോടെ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എങ്ങനെ നേടാം എന്നതിൻ്റെ വ്യക്തമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും , ഇപ്പോൾ നടക്കുന്ന ഉദ്യോഗസ്ഥരുടെ മീറ്റിംഗുകൾക്ക് ഒക്കെ ഈ ലക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
അടുത്ത ആറ് വർഷത്തേക്ക്, പ്രതിശീർഷ വരുമാനം ഏകദേശം 2,500 ഡോളറിൽ നിന്ന് 4,418 ഡോളറായി ഉയർത്തുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം, അത് നേടുന്നതിന് ആവശ്യമായ ചിലവുകളെ കുറിച്ചോ പരിഷ്കാരങ്ങളെ കുറിച്ചോ എന്നാൽ രേഖ വ്യക്തമാക്കുന്നില്ല.
Discussion about this post