ന്യൂഡൽഹി: നവജാത ശിശുക്കളെ കരിഞ്ചന്തയിൽ വിൽക്കുന്ന സംഭവത്തിൽ പരിശോധന കടുപ്പിച്ച് സിബിഐ. ഡൽഹിയിലെ കേശവപുരത്തെ വീട്ടിൽ ടത്തിയ പരിശോധനയിൽ മൂന്ന് ശിശുക്കളെ സിബിഐ സംഘം രക്ഷപ്പെടുത്തി. കുട്ടികളെ വിൽപ്പന നടത്തിയ സ്ത്രീയും വാങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരു ആശുപത്രി വാർഡ് ബോയിയും നിരവധി സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണെന്ന് സിബിഐ അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പത്തോളം കുട്ടികളെ ഇവർ വിൽപ്പന നടത്തിയിട്ടുണ്ട്. ഡൽഹിയ്ക്ക് പുറത്തും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് സിബിഐ അറിയിച്ചു. നാല് മുതൽ അഞ്ച് ലക്ഷം രൂപയ്ക്കാണ് കുട്ടികളെ വിൽക്കുന്നത്. ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നിന്നും കേസിൽ എട്ട് പേർ അറസ്റ്റിലായിരുന്നു. 10 മുതൽ 15 ദിവസം വരെ പ്രായമായ കുട്ടികളെയാണ് ഇവരിൽ നിന്നും രക്ഷപ്പെടുത്തിയത്. പഞ്ചാബ്, ഡൽഹി സ്വദേശികളാണ് ഇവർ. ഡൽഹിയിലെ വിവിധ ഇടങ്ങളിലെ ആൾത്താമസമില്ലാത്ത വീടുകളാണ് ഇവർ കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന മനുഷ്യക്കടത്ത് സംഘം സജീവമാണെന്ന് സിബിഐ കണ്ടൈത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഡാലോചന, ജുവനൈൽ ജസ്റ്റിസ് ആക്ട്, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post