കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട്- കണ്ണൂർ അതിർത്തി പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി സുരക്ഷാ സേന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പരിശോധന. പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.
നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പോലീസിനും സിആർപിഎഫിനുമൊപ്പം ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും പരിശോധനയിൽ പങ്കുചേർന്നു. വരും ദിവസങ്ങളിലും സമാന പരിശോധന തുടരുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി കർശന പരിശോധന നടത്താൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവരുന്നത്. ദിവസങ്ങളായി ഇവിടെ ബോംബിന്റെ നിർമ്മാണം തുടരുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പത്തോളം ബോംബുകൾ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ബോംബുണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികളും കണ്ടെടുത്തു.
രാവിലെ സിപിഎം പ്രവർത്തകനായ പ്രതിയുമായി പോലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പ്രതികൾ സ്റ്റീൽ ബോംബുകൾ ആയിരുന്നു നിർമ്മിച്ചിരുന്നത്. ഇതിന് ഇതിനായി ഉപയോഗിച്ച തുരുമ്പ് പിടിച്ച ആണി, കുപ്പിച്ചില്ലുകൾ, വെടിമരുന്ന് എന്നിവ കണ്ടെടുത്തു.












