ന്യൂഡൽഹി : കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും മണിക്കൂറുകളിൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് ഉള്ളത്. രാത്രി 11: 30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തിനോട് അടുത്ത് താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പ് സൂചിപ്പിക്കുന്നു. കൂടാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ, വഞ്ചികൾ മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഈ വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post