കണ്ണൂർ; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സമരവുമായി സ്കൂൾ അദ്ധ്യാപിക. കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നൽകിയില്ലെന്ന് കാട്ടി സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെയാണ് സമരം.
സിപിഐയുടെ രാജ്യസഭാ എംപി പി സന്തോഷ് കുമാറിൻറെ സഹോദരി കൂടിയാണ് സമരം നടത്തുന്ന ഷീജ. കണ്ണൂർ കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെയാണ് പരാതി.
നിക്ഷേപ കാലാവധി പൂർത്തിയായി, ഒമ്പത് മാസമായിട്ടും തിരികെ നൽകിയില്ലെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിക്കുൾപ്പെടെ മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. ഇത് ചതിയാണ്, വിശ്വസിച്ച പ്രസ്ഥാനം വഞ്ചിച്ചു എന്നും, നിയമപരമായി മുന്നോട്ടുപോകണമെങ്കിൽ അങ്ങനെ പോകുമെന്നും ഷീജ കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൻറെ വളർച്ചയ്ക്ക് കൂടിയാണ് ഷീജ ഇത്രയും തുടക സ്ഥിരനിക്ഷേപമായി നൽകിയത്. രണ്ട് വർഷം കാലാവധി ജൂലൈയിൽ പൂർത്തിയായപ്പോൾ പലിശയടക്കം ഇരുപത് ലക്ഷത്തിലധികം രൂപ ഷീജയ്ക്ക് തിരികെ കിട്ടണം. എന്നാൽ ഇന്ന്- നാളെ എന്ന് പറഞ്ഞ് ജീവനക്കാർ ഇവരെ ദിവസവും മടക്കി അയക്കുകയാണുണ്ടായത്.
Discussion about this post