തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഇന്നലെ മാത്രം 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്.
ഈ മാസം മൂന്നിന് ആണ് ഇതിന് മുൻപ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ ചൂടാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചൂടിനെ തുടർന്നുള്ള ഫാനിന്റെയും എസിയുടെയും ഉപയോഗമാണ് വൈദ്യുതി ഉപഭോഗം റെക്കോർഡ് എത്താൻ കാരണം ആയത് എന്നാണ് സൂചന.
അതേസമയം വൈദ്യുതി ഉപഭോഗം കൂടുന്ന സാഹചര്യത്തിൽ കെഎസ്ഇബി അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നുണ്ട്. 300 മുതൽ 600 മെഗാവാട്ട് വൈദ്യുതിവരെയാണ് വാങ്ങുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബിയുടെ നിർദേശം. ഇല്ലെങ്കിൽ പവർ കട്ട് ഉണ്ടാവാൻ സാധ്യത ഉണ്ടാവും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post