തിരുവനന്തപുരം; സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി പറഞ്ഞു.
കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കുട്ടികൾക്ക് താങ്ങാൻ ആവാത്ത ചൂടാണിത്. ഇത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post