തൃശ്ശൂർ : കുന്നംകുളത്ത് ആവേശത്തിരയിളക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഏപ്രിൽ 15നാണ് പ്രധാനമന്ത്രി കുന്നംകുളത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് എത്തുക. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രൊഫ. ടി എൻ സരസുവിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.
കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ടി എൻ സരസുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. കരുവന്നൂർ തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികൾ നടപടി കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.
കുന്നംകുളത്ത് കൂടാതെ കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുടയിലും പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്ന് സൂചനയുണ്ട്. നിലവിൽ കുന്നംകുളത്തെ സന്ദർശനം മാത്രമാണ് തീരുമാനമായിട്ടുള്ളത്. പതിനഞ്ചാം തീയതി രാവിലെ 11 മണിക്കാണ് കുന്നംകുളം ചെറുവത്തൂർ മൈതാനത്തെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുക.
Discussion about this post