ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബി.ആർ.എസ്. നേതാവ് കെ. കവിത സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി റൂസ് അവന്യൂ കോടതിയാണ് ഹർജി തള്ളിയത്.
പതിനാറുകാരനായ മകന് പരീക്ഷാക്കാലമാണെന്നും അമ്മയെന്ന നിലയിൽ തന്റെ സാമീപ്യം മകൻറെ മാനസികപിന്തുണയ്ക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ, ഇ.ഡി. കവിതയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ജാമ്യം അനുവദിച്ചാൽ കവിത തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു.
മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഡൽഹി മദ്യനയത്തിൻറെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.
Discussion about this post