കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അറസ്റ്റിലായ അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടിയെടുക്കാമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചത്.
പാനൂർ ബോംബ് നിർമാണ കേസുമായി ബന്ധപ്പെട്ട് ‘ജീവൻ രക്ഷാപ്രവർത്തനത്തിന്’ എത്തിയ ആളെ പോലീസ് പിടികൂടിയെന്നയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഇതിന് പിന്നാലെ അറസ്റ്റിൽ മലക്കം മറിഞ്ഞ് പോലീസ് രംഗത്തെത്തിയിരുന്നു.
അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ബോംബ് നിർമിച്ചവരും സഹായിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവും പിടിയിലായിട്ടുണ്ട്. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പോലീസ് വിശദീകരിച്ചു.
Discussion about this post