തൃശ്ശൂർ : ഇത്തവണത്തെ തൃശൂർ പൂരത്തിന് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തൃശ്ശൂർ ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെയും നേതൃത്വത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഇത്തവണ പൂരത്തിന് ആൽക്കോമീറ്റർ ടെസ്റ്റും നടത്തുന്നതാണ്. ആന പാപ്പാന്മാർ, കമ്മറ്റിക്കാർ, ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് ആൽക്കോമീറ്റർ ടെസ്റ്റിന് വിധേയരാക്കുക.
പൂരത്തിന് എത്തുന്ന ആനകൾക്കും വലിയ രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുക. ഘടക പൂരങ്ങൾക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെ പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മറ്റിക്കാർ ഉടൻതന്നെ പോലീസ് സൂപ്രണ്ടിന് ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പൂരത്തിന്റെ തലേദിവസം തന്നെ 25 പേർ വീതം അടങ്ങുന്ന 50 വെറ്റിനറി ഡോക്ടർമാരുടെ രണ്ട് സംഘങ്ങൾ ആനകളുടെ ആരോഗ്യനില പരിശോധിക്കുന്നതാണ്. ഫിറ്റ്നസ് ഉറപ്പ് വരുന്ന ആനകൾക്ക് മാത്രമായിരിക്കും പൂരത്തിന് പങ്കെടുക്കാൻ കഴിയുക. തൃശ്ശൂർ പൂരത്തിനും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, അനുസരണ, മദകാലം, പാപ്പാന്മാരുടെ പരിചയസമ്പന്നത, ലൈസൻസ് വിവരങ്ങൾ എന്നിവയും പരിശോധിക്കുന്നതാണ്.
കടുത്ത ചൂട് പരിഗണിച്ച് ആനകൾക്ക് തണുപ്പ് നിലനിർത്താൻ വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. ആനകൾ നിൽക്കുന്ന സ്ഥലങ്ങളിൽ ചാക്ക് വിരിച്ച് വെള്ളം നനച്ചു കൊടുക്കണം. ആനകൾക്ക് ഭക്ഷണമായി തണ്ണിമത്തൻ, കരിമ്പ് തുടങ്ങിയവ ധാരാളം നൽകണം. മതിയായ വിശ്രമം ഭക്ഷണം വെള്ളം എന്നിവ ഉറപ്പാക്കണം. അടിയന്തര ചികിത്സയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കണം. പ്രത്യേകം പരിശീലനം ലഭിച്ച വോളണ്ടിയർമാരെ ഏർപ്പെടുത്തും. പൂരത്തിൽ പങ്കെടുക്കുന്ന ഓരോ ആനയ്ക്ക് സമീപവും ഒരു വോളണ്ടിയർ വീതം ഉണ്ടായിരിക്കും എന്നും ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Discussion about this post