ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വലിയ തിരിച്ചടിക്ക് ശേഷം, ഇനി സുപ്രീം കോടതിയിൽ കാണാം എന്ന് നയം വ്യക്തമാക്കി ആം ആദ്മി പാർട്ടി. ശക്തമായ തെളിവുകൾ ഉള്ളതിനാൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഇന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്കടക്കം തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതിക്ക് വ്യക്തമായ പശ്ചാത്തലത്തിലായിരുന്നു നടപടി. അതെ സമയം, മദ്യ നയത്തിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ആം ആദ്മിയെ നശിപ്പിക്കാനുള്ളതാണെന്നും സുപ്രീം കോടതിയിൽ കാണാം എന്നും ആം ആദ്മി പാർട്ടി നിലപാടെടുത്തു.
കേജ്‌രിവാളിന് സുപ്രീംകോടതി ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന ആം ആദ്‌മി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ഹൈക്കോടതി ഉത്തരവിന് തൊട്ടുപിന്നാലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെയും കെജ്‌രിവാളിനെയും ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് എക്‌സൈസ് നയ കുംഭകോണമെന്ന് അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ ചോദ്യം ചെയ്ത് കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രധാന നേതാവായ കെജ്രിവാളിന്റെ അഭാവത്തിൽ ആം ആദ്‌മി പാർട്ടിയുടെ പദ്ധതികളൊക്കെ അവതാളത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.










