മുംബൈ : ബയോഗ്യാസ് കുഴിയിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ആണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഒരു ചെറിയ കിണറിൽ ആയിരുന്നു വീട്ടുടമസ്ഥൻ ബയോഗ്യാസ് നിർമ്മിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു ഇവരുടെ പൂച്ച ഈ ബയോഗ്യാസ് കുഴിയിൽ വീണത്.
ബയോഗ്യാസ് കുഴിക്കുള്ളിൽ നിന്നും പൂച്ചയുടെ ശബ്ദം കേട്ട് വീട്ടുകാർ എത്തി നോക്കിയപ്പോഴാണ് പൂച്ച കുഴിയിൽ അകപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് പൂച്ചയെ രക്ഷിക്കാൻ രണ്ടുപേർ കുഴിയിൽ ഇറങ്ങിയെങ്കിലും അവരും അകത്ത് പെട്ടു പോവുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാനായി വീട്ടിലെ മറ്റു മൂന്നു പേർ കൂടി ഇറങ്ങി. പക്ഷേ ബയോഗ്യാസ് കുഴിക്കകത്ത് വായു സഞ്ചാരം ഇല്ലാതിരുന്നതിനാൽ എല്ലാവരും തന്നെ കുഴഞ്ഞു വീഴുകയും മരണപ്പെടുകയും ആയിരുന്നു.
Discussion about this post