വാഷിംഗ്‌ടൺ: തന്റെ ഭരണകാലഘട്ടങ്ങളിലെ നേട്ടങ്ങളിൽ ഏറ്റവും അഭിമാനകരമായി ജോ ബൈഡൻ കാണുന്നത് ഇന്ത്യയുമായി സ്ഥാപിച്ച നല്ല ബന്ധമാണെന്ന് വെളിപ്പെടുത്തി ഉന്നത യു എസ് ഉദ്യോഗസ്ഥൻ. ജപ്പാൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വിശാലമായ ഇൻഡോ – പസിഫിക് സംവിധാനത്തിൽ ഇന്ത്യയുടെ പ്രാധാന്യം എന്ത് എന്ന് ഒരു ഇന്ത്യൻ മാദ്ധ്യമം ചോദിച്ചപ്പോഴാണ്, ഇത്തരത്തിലൊരു മറുപടി ഉന്നത യു എസ് ഉദ്യോഗസ്ഥൻ നൽകിയത്.
ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ ഇൻഡോ – അമേരിക്കൻ ബന്ധങ്ങളിൽ ഉലച്ചിൽ വന്നിട്ടുണ്ടോ എന്ന സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഉന്നതോദ്യോഗസ്ഥന്റെ ഈ പരാമർശം വന്നിരിക്കുന്നത്.
“നിങ്ങൾ ബൈഡനോട് അഥവാ ചോദിക്കുകയാണെങ്കിൽ , യുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനാർഹമായ നേട്ടമായി ജോ ബൈഡൻ കരുതുന്നത്. കൂടാതെ, ഇന്തോ-പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും, സാങ്കേതികവിദ്യ പോലുള്ള പ്രധാന വിഷയങ്ങളിലും, യുഎസും ഇന്ത്യയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
ഗുർപ്പത്വന്ത് പന്നൂൻ വധ ശ്രമ കേസ് പോലുള്ള വിഷയങ്ങളിൽ ഇന്ത്യ – അമേരിക്ക ബന്ധം ഉലഞ്ഞിട്ടുണ്ടെന്ന് ഒരു പ്രതീതി പൊതുവെ പരന്നിട്ടുണ്ടെങ്കിലും, അങ്ങനെ ഒരു വിഷയമേ ഇല്ല എന്നും, അമേരിക്കയുടെ ഏറ്റവും നിർണ്ണായകമായ പങ്കാളിയായാണ് അവർ ഇന്ത്യയെ കാണുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഉന്നതോദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഈ പ്രസ്താവന
Discussion about this post