ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തെ തടയാൻ പാകിസ്താന് കഴിവില്ലെങ്കിൽ അതിന് ഇന്ത്യ തയ്യാറാണ്. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരും. പാകിസ്താനിൽ കയറി അവരെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘പാകിസ്താന് കഴിവില്ലെങ്കിൽ ഭീകരവാദത്തെ തടയാൻ ഇന്ത്യ തയ്യാറാണ്. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമമെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കും. ഇന്ത്യയുടെ സമാധാനം തകർക്കാൻ ഭീകരർ ശ്രമിച്ചാൽ, പാകിസ്താനിൽ പോയി അവരെ ഇല്ലാതാക്കും’- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരു രാജ്യത്തെയും ഇന്ത്യ ഇതുവരെ ആക്രമിക്കുകയോ അവരുടെ രാജ്യം പിടിച്ചടക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ആരെങ്കിലും ഇന്ത്യയെയോ ഇന്ത്യയുടെ സമാധാനത്തെയോ തകർക്കാൻ ശ്രമിച്ചാൽ, അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം താക്കീത് നൽകി. അതിർത്തി കടന്നും ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യ മടിക്കില്ലെന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
Discussion about this post