ന്യൂഡൽഹി: ലഡാക്കിലെ ആർമി യൂണിറ്റിലെ സൈനികനെ അംഗഭംഗം സംഭവിക്കുന്നതിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേനയുടെ നിശ്ചയദാർഢ്യം. ലഡാക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു സൈനികന്റെ കൈ അദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്ന മെഷീനിൽ അകപ്പെട്ടു പോയി അദ്ദേഹത്തിന്റെ തള്ളവിരലും ചൂണ്ടുവിരലും ഛേദിക്കപ്പെട്ട അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഒരു നിമിഷം പോലും വൈകാതെ എല്ലാ പ്രതിസന്ധികളെയും തൃണവത്കരിച്ചു കൊണ്ട് ഉണർന്നു പ്രവർത്തിച്ച സൈന്യം സൈനികനെ രക്ഷിച്ചത്.
പരിക്കേറ്റ സൈനികനെ ഉടൻ തന്നെ ലേയിലെ മിലിട്ടറി ഗാരിസൺ ഹോസ്പിറ്റലിലേക്ക് ആദ്യം മാറ്റി, അവിടെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം, വളരെ നിർണ്ണായകമായ ഒരു ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ടെന്നും, അതിന്റെ സൗകര്യം ഡൽഹിയിൽ മാത്രമേ ഉള്ളുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
സമയം രാത്രി ആയിക്കഴിഞ്ഞിരുന്നു. എങ്ങും ഇരുട്ട് വീണു കഴിഞ്ഞിരുന്നു. സമയം അതി വേഗത്തിൽ നീങ്ങി കൊണ്ടിരുന്നു. നിർണ്ണായകമായ ശസ്ത്രക്രിയ ചെയ്യുവാൻ 6 മുതൽ 8 മണിക്കൂർ വരെ മാത്രമേ സമയം ബാക്കിയുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ സേനയുടെ കർമ്മ കുശലതയും പോരാട്ടവീര്യം നിശ്ചയ ദാർഢ്യവും നിമിഷ നേരം കൊണ്ട് സട കുടഞ്ഞെഴുന്നേറ്റു. തീരുമാനങ്ങൾ ശരവേഗത്തിൽ വന്നു.
പ്രാദേശികമായി നൂതനമായ വൈദ്യസഹായം ലഭ്യമല്ലാത്തതിനാൽ സൈനികനെ ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി.
സമയം രാത്രിയായത് കൊണ്ട് വായു സേനയുടെ NVG (നൈറ്റ് വിഷൻ ഗ്ലാസുകൾ) ഉപയോഗിച്ചുള്ള എയർലിഫ്റ്റ് മാത്രമേ സാധ്യമാവുകയുണ്ടായിരുന്നുള്ളൂ. ആറു മുതൽ എട്ട് മണിക്കൂർ മാത്രമേ സമയം ബാക്കിയുണ്ടായിരുന്നുള്ളൂ, അതിനുള്ളിൽ ഡൽഹിയെത്തണം. ഒരു മണിക്കൂറിനുള്ളിൽ സൈനികനെ ഡൽഹിയിലേക്ക് മാറ്റാൻ വേണ്ടി രാത്രി കാഴ്ച സാധ്യമാകുന്ന IAF C-130J വിമാനം കുതിച്ചെത്തി, ലേയിൽ നൈറ്റ് ലാൻഡ് ചെയ്തു. അതി വേഗത്തിൽ തന്നെ വായുസേനയുടെ വിമാനം പരിക്കേറ്റ സൈനികനേയും കൊണ്ട് ഡൽഹിയിലേക്ക് കുതിച്ചു. എത്തിച്ചേരേണ്ട സമയത്തിനും എത്രയോ മുന്നേ തന്നെ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ എത്തി.
IAF NVG (നൈറ്റ് വിഷൻ ഗ്ലാസുകൾ) ഉപയോഗിച്ചുള്ള രാത്രികാല എയർലിഫ്റ്റ് കാരണം, പരിക്കേറ്റ ഉദ്യോഗസ്ഥന് അതിവേഗം വൈദ്യസഹായം ലഭിച്ചു. അന്ന് രാത്രി ഇരുട്ടി വെളുക്കുന്നത് വരെ കാത്തിരിന്നുവെങ്കിൽ സൈനികന്റെ കൈവിരലുകൾ എന്നന്നേക്കുമായി പ്രവർത്തന യോഗ്യമല്ലാതായി പോകുമായിരുന്നു. ഒരു സമർപ്പിത മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം വിജയകരമായി ശസ്ത്രക്രിയ നടത്തി, സൈനികൻ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
ലോകത്തെ തന്നെ ഏറ്റവും അപകടകരമായ അതിർത്തി പങ്കു വയ്ക്കുന്ന രാജ്യമാണ് ഭാരതം. അതി കഠിനമായ കാലാവസ്ഥയും, ഇരുവശത്തും ചൈനയും പാകിസ്താനും. ആനന്ദ ലബ്‌ധിക്കിനി എന്ത് വേണം എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ കാര്യം. ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാവുന്ന ഒരു സാഹചര്യം 24 മണിക്കൂറും കണ്മുന്നിൽ ഉണ്ടായിട്ടും, നമ്മുടെ ഓരോ ജവാന്മാരെയും സൈന്യം സംരക്ഷിക്കുന്ന, അവർക്ക് വേണ്ടി എടുക്കുന്ന പരിശ്രമം കാണുമ്പോഴാണ്, നമ്മുടെ മഹത്തായ ഇന്ത്യൻ സൈന്യത്തിന്റെ ശേഷിയിലും, ധീരതയിലും, കർമ്മ കുശലതയിലും ഒരു ഭാരതീയനെന്ന നിലയിൽ നമുക്ക് അഭിമാനം തോന്നുന്നത്.
Discussion about this post