എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപത് മണിയോടെ നിയന്ത്രണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രിയോടെയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുക.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിംഗ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. തൃശ്ശൂർ കുന്നംകുളത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങും. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചി നാവിക സേന താവളത്തിൽ എത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും.
ഇവിടെ റോഡ്‌ഷോയുൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്. ഇതിനും പ്രസംഗത്തിനും ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.












