ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിരാഗ് ആന്റിൽ എന്ന 24 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗത്ത് വാൻകൂവർ പോലീസ് അറിയിച്ചു. രാത്രി 11 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. ചിരാഗിന്റെ പോസ്റ്റ്മോർട്ടം ഈയാഴ്ച അവസാനത്തോടെ നടത്തുമെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതായിരിക്കും. കൊലപാതകത്തിന്റെ കാരണം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 92 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ വെച്ച് മരണപ്പെട്ടിട്ടുള്ളത്. ഈ കാലയളവിൽ കാനഡയിൽ വച്ച് കൊല്ലപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 400ലേറെയാണ്. ഇതേ കാലയളവിൽ മറ്റു വിദേശരാജ്യങ്ങളിൽ വച്ച് മരിച്ച വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ യുകെയിൽ വെച്ച് 48 പേരും റഷ്യയിൽ വച്ച് 40 പേരും യുഎസിൽ വച്ച് 36 പേരും ഓസ്ട്രേലിയയിൽ വച്ച് 35 പേരും മരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post