ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി ആദായനികുതി വകുപ്പ്. 1.5 കോടിയിലേറെ പേർ ബാധ്യത ഉണ്ടായിട്ടും ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ല എന്നാണ് ഐ ടി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. നികുതിവിധേയമായ വരുമാനം ഉള്ളവർ കൂടാതെ സ്രോതസ്സിൽ നിന്നുള്ള നികുതിയായ ടി ഡി എസ് ഈടാക്കിയിട്ടും റിട്ടേൺ ഫയൽ ചെയ്യാത്തവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്.
ഓരോ മേഖലകളിലെയും ഉദ്യോഗസ്ഥർ റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെയുള്ള നടപടി സ്വീകരിക്കാനായി ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് ഇതിനായി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ടിഡിഎസ് നൽകിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേൺ ഫയൽ ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയിട്ടുള്ളതായി ഐടി വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതുകൂടാതെ പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി വലിയ തുകയുടെ ഇടപാടുകൾ നടത്തിയവരെയും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ അന്വേഷണം നടത്താനും ഐടി വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതായി 8.9 കോടി പേർ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതുവരെ 7.4 കോടി പേർ മാത്രമാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്. വ്യക്തിഗത വിഭാഗത്തിലുള്ളവരാണ് റിട്ടേൺ സമർപ്പിക്കാത്തവരിൽ ഭൂരിഭാഗവും. സ്ഥാപനങ്ങളുടെ കണക്കിൽ 1,21,000 സ്ഥാപനങ്ങളാണ് റിട്ടേൺ സമർപ്പിക്കാനായി ഉള്ളത്.
Discussion about this post