ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ കമാൻഡർ ഉൾപ്പെടെ 18 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഛത്തീസ്ഗഡിലെ കൻകർ ജില്ലയിലാണ് സംഭവം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയാണ് സുരക്ഷാ സേന സംസ്ഥാനത്ത് പുലർത്തുന്നത്. ഇതിനിടെ കൻകർ ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു. ചോട്ടേഭേട്ടിയ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബിനഗുണ്ടയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്നായിരുന്നു വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫും ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡും സംയുക്തമായിട്ടാണ് സ്ഥലത്ത് എത്തിയത്. ഇവരെ കണ്ടതും ഭീകരർ ശക്തമായി വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും തിരിച്ചടിച്ചു. മണിക്കൂറുകളോളമാണ് ഏറ്റുമുട്ടൽ തുടർന്നത്. ഇതിന് ശേഷം നടത്തിയ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
വധിച്ചവരിൽ ഒരാൾ കമാൻഡർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post