റായ്പൂർ: ഛത്തീസ്ഗഡിൽ കൂടുതൽ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് സുരക്ഷാ സേന. 11 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെടുത്തത്. ഇതോടെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 29 ആയി.
കൻകർ ജില്ലയിലെ ബിനഗുണ്ടയിൽ ആയിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനാണ് സാദ്ധ്യത. പ്രദേശത്ത് നിന്നും എ.കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും പിടിച്ചെടുത്തിട്ടുണ്ട്. വധിച്ച കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് ശങ്കർ റാവുവിനെ വധിച്ചതായി വ്യക്തമായിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പോലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ട നടന്നിരിക്കുന്നത്. ഈ മാസം 26 നാണ് ഛത്തീസ്ഗഡിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ്.
Discussion about this post