തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ’ ഉന്നയിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരത്തെ സിറ്റിങ് എംപിയുമായ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘കർശന മുന്നറിയിപ്പ്’.
എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തനിക്ക് വോട്ട് ചെയ്യാൻ നിയോജക മണ്ഡലത്തിലെ വോട്ടർമാർക്കും മതനേതാക്കൾക്കും പണം വാഗ്ദാനം ചെയ്തെന്ന് തരൂർ കള്ളം പ്രചരിപ്പിച്ചുവെന്ന പരാതിയുമായി ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇലക്ഷൻ കമ്മീഷൻ ശശി തരൂരിന് കർശന നിർദ്ദേശം നൽകിയത്. ഒരു മലയാളം വാർത്താ ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിലാണ് തരൂർ ആരോപണം ഉന്നയിച്ചത്.
പരാതിയെ തുടർന്ന് തിരുവനന്തപുരം സബ് കളക്ടറും നോഡൽ ഓഫീസറുമായ (എംസിസി) അശ്വതി ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തിയിരുന്നു. അഭിമുഖത്തിൻ്റെ ഒരു ഭാഗത്തിലും സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പേരൊന്നും പരാമർശിച്ചിട്ടില്ലെന്ന് തരൂർ ബോധിപ്പിച്ചു.
മറ്റുള്ളവർ തന്നോട് പറഞ്ഞ കാര്യങ്ങൾ വച്ചുള്ള ഒരു ‘പൊതു നിരീക്ഷണം’ മാത്രമായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം എന്ന് ശശി തരൂർ വാദിച്ചുവെങ്കിലും, സാമാന്യ ബുദ്ധിയുള്ള ആർക്കും ശശി തരൂർ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസിലാകുമെന്നു കമ്മീഷൻ വ്യക്തമാക്കി.
Discussion about this post