തിരുവനന്തപുരം; കേരളത്തിലേക്ക് അധികം വൈകാതെ ഡബിൾ ഡെക്കർ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് സൂചന. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവിൽ ബാംഗ്ലൂർ-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡെക്കർ ട്രെയിനാണ് കോയമ്പത്തൂർ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ നടത്തുന്നത്.
രാവിലെ 8ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ്(നമ്പർ 22665/66) 10.45ന് പാലക്കാട് ടൗൺ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സർവീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂർ എത്തുന്നതോടെ പരീക്ഷണയോട്ടം പൂർത്തിയാകുമെന്നാണ് വിവരം.
ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബാംഗ്ലൂർ വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂർ നോർത്ത്, തിരുപ്പൂർ, ഈറോഡ്, സേലം, തിരുപ്പത്തൂർ, കുപ്പം, കെ.ആർ.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂർ മുതൽ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സ്ഥിരം സർവീസ് ആരംഭിക്കുന്നത് മലയാളികൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Discussion about this post