ദിസ്പൂർ :സൂര്യതിലകം അണിഞ്ഞ അയോദ്ധ്യയിലെ രാംലല്ലയെ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ ഈ ഒരു നിമിഷം തനിക്കും വളരെ വൈകാരികമായ നിമിഷമാണ് എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലാണ് ഓൺലൈൻ ആയി പ്രധാനമന്ത്രി ചടങ്ങുകൾ കണ്ടത്. ചടങ്ങുകൾ നടക്കുമ്പോൾ പാദരക്ഷകൾ ധരിക്കാതെയാണ് അദ്ദേഹം പൂജകൾ കണ്ടത്.
‘അയോദ്ധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് രാജ്യം ആഘോഷിച്ചത്. ശ്രീരാമന്റെ നെറ്റിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഊർജം പകരും. അയോദ്ധ്യയിൽ ഇന്ന് നടന്ന രാമനവമി ആഘോഷങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇനിയും ശക്തി പകരട്ടെ’.- പ്രധാനമന്ത്രി കുറിച്ചു.
സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ രാമവിഗ്രഹത്തിന്റെ തിരുനെറ്റിയിൽ തിലകം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരുന്നത്. 12 മണിക്ക് തുടങ്ങി എകദേശം 3 മിനിറ്റോളമാണ് സൂര്യാഭിഷേകം നടന്നത്. ഈ പുണ്യ മുഹൂർത്തതിൽ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പോലും ജയ് ശ്രീറാം വിളികൾ മുഴങ്ങി. ഈ സമയത്ത് പാട്ടും നൃത്തവുമായാണ് രാമക്ഷേത്രത്തിന് പുറത്ത് ഭക്തജനങ്ങൾ ആഘോഷിച്ചത്.
Discussion about this post