ചരിത്രത്തിലെ തന്നെ ഏറ്റവും സന്തോഷനിർഭരമായ ശ്രീരാമനവമി ആഘോഷത്തിനാണ് ബുധനാഴ്ച ഭാരതം സാക്ഷ്യം വഹിച്ചത്. ശ്രീരാമ നവമിയോട് അനുബന്ധിച്ച് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന സൂര്യാഭിഷേക ചടങ്ങുകൾ ആവേശം കൊള്ളിക്കുന്നതായിരുന്നു. രാജ്യത്തെ നിരവധി പ്രമുഖരാണ് സൂര്യാഭിഷേകത്തെ ആവേശത്തോടെ വർണിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.
500 വർഷങ്ങൾക്ക് ശേഷം രാംലല്ല സ്വന്തം ഗൃഹത്തിൽ നവമി ആഘോഷിക്കുന്ന ശുഭമുഹൂർത്തം എന്നാണ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ പങ്കുവെച്ചത്. ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ കങ്കണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും എല്ലാ ഭാരതീയർക്കും ശ്രീരാമ നവമി ആശംസകൾ അറിയിച്ചു. ജനുവരി 22ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി പങ്കുവെച്ചാണ് കങ്കണ ശ്രീരാമ നവമി ആശംസകൾ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ജനങ്ങൾക്ക് ശ്രീരാമനവമി ആശംസകൾ അറിയിച്ചു. മര്യാദ പുരുഷോത്തമനായ പ്രഭു ശ്രീരാമന്റെ മുഴുവൻ ജീവിതവും മനുഷ്യരാശിക്ക് പ്രചോദനമാണെന്ന് ദ്രൗപതി മുർമു വ്യക്തമാക്കി. ശ്രീരാമന്റെ അനുഗ്രഹത്താൽ രാമരാജ്യം സ്ഥാപിക്കാൻ കഴിഞ്ഞതായി കേന്ദ്ര ഗതാഗത മന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യം മുഴുവൻ ഇന്ന് സന്തോഷത്തിന്റെ സമുദ്രത്തിൽ സ്നാനം ചെയ്യുകയാണെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും വിദിഷയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.








