കൊറോണ രോഗം ലോകത്തെ ബുദ്ധിമുട്ടിച്ചതിന് ശേഷം എല്ലാ രോഗങ്ങളെയും അൽപ്പം കൂടുതൽ പേടിയോടെയും ജാഗ്രതയോടെയുമാണ് ആളുകൾ നോക്കിക്കാണുന്നത്. ഇപ്പോഴിതാ മറ്റൊരു രോഗത്തെ കുറിച്ചാണ് ആളുകൾ സോഷ്യൽമീഡിയയിലുടനീളം ചർച്ച ചെയ്യുന്നത്.
പ്രതിവർഷം ലോകത്തിലെ 70 ലക്ഷം പേരെയാണ് ട്രൈപാനോസോമ ക്രൂസി എന്ന പ്രോട്ടോസോവൻ പാരസൈറ്റ് പരത്തുന്ന ചാഗാസ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. ലാറ്റിനമേരിക്കയിലാണ് ഈരോഗം കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ഓരോ വർഷവും ഈ രോഗം ബാധിച്ച് ഏകദേശം 12,000 പേരാണ് ലോകത്ത് മരണപ്പെടുന്നതത്രേ.
രോഗബാധ ആദ്യമായി കണ്ടെത്തിയ ബ്രസീലിയൻ ഫിസിഷ്യനായ കാർലോസ് ചാഗാസിന്റെ പേരിലാണ് രോഗം അറിയപ്പെടുന്നത്. 1909ലാണ് ആദ്യമായി ഒരാളിൽ അദ്ദേഹം ഈ രോഗം കണ്ടെത്തുന്നത്. ‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന ട്രിയാടോമൈൻ എന്ന പ്രാണി കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. വിവിധ വഴികളിലൂടെ പാരസൈറ്റ് മനുഷ്യശരീരത്തിൽ എത്തിച്ചേരുന്നു. കിസ്സിംഗ് ബഗ് കടിക്കുന്നതിന് പുറമെ, വായിലൂടെയും അമ്മയിൽനിന്ന് കുഞ്ഞിലേക്കും, രോഗബാധയുള്ള ആളുടെ രക്തം കൈമാറുന്നതിലൂടെയുമെല്ലാം രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു.
വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളാണ് ചാഗാസ് രോഗം പ്രകടമാക്കുന്നത്. ഓരോന്നിനും അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ അത്രകണ്ട് പ്രകടമായിരിക്കില്ല. ഈ അവസ്ഥയുടെ യഥാർത്ഥ തീവ്രത പ്രകടമാക്കപ്പെടുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ഹൃദയത്തിലും ദഹനവ്യവസ്ഥയുടെ ഭാഗമായ പേശികളിലും കടന്നുകൂടുന്ന പാരസൈറ്റ് ഹൃദയ, ദഹന, നാഡീവ്യവസ്ഥയെ താറുമാറാക്കുന്നു. രോഗം പിടിപെടുന്ന മൂന്നിലൊന്നുപേരിലും രോഗം ഗുരുതരമാകാൻ ഇത് കാരണമാകുന്നു. ശരീരം ദുർബലമാകുന്നത് പോലെയുള്ള അവസ്ഥയിലേക്ക് രോഗി എത്തിപ്പെടാം. രോഗം മൂർച്ഛിക്കുമ്പോൾ മരണം വരെ സംഭവിക്കാനിടയുണ്ട്.
വായുവിലൂടെ രോഗം പടരുന്നത് നിയന്ത്രിക്കുക, രക്തം ശരിയായ രീതിയിൽ പരിശോധനകൾ നടത്തി മാത്രം മറ്റൊരാൾ നൽകുക, പെൺകുട്ടികൾ, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകൾ, നവജാത ശിശുക്കൾ, അണുബാധ കണ്ടെത്തിയ അമ്മമാർ എന്നിവരെ പരിശോധിക്കുകയും മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. മതിയായ രീതിയിലുള്ള ബോധവത്കരണത്തിലൂടെയും ആശയവിനിമയത്തിലൂടെയും രോഗബാധ തടയാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.












